
കൊച്ചി: കൊച്ചിയിലെ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം സിനിമാ മേഖലയിലേക്കും നീളുന്നു. സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമൻ (34) എംഡിഎംഎയുമായി അറസ്റ്റിലായതോടെയാണ് അന്വേഷണത്തിന് പുതിയ മാനങ്ങൾ കൈവന്നത്. വിശാലിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
അടുത്തിടെ 390 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ മുഹമ്മദ് സാദിഖിൽ (26) നിന്നാണ് വിശാൽ ലഹരിമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാദിഖിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിശാലിന്റെ പേര് പുറത്തുവന്നത്. തുടർന്ന് നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്.
കൊച്ചിയിലെ നിശാപാർട്ടികൾ, യുവാക്കൾ, പ്രമുഖ നൈറ്റ് ക്ലബുകൾ എന്നിവിടങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന പ്രധാന വിതരണക്കാരിൽ ഒരാളാണ് സാദിഖെന്ന് പൊലീസ് പറയുന്നു. വിശാലിന്റെ അറസ്റ്റോടെ സിനിമാ മേഖലയിലേക്കും ലഹരി എത്തിച്ചിരുന്നുവെന്ന സംശയം ശക്തമായിരിക്കുകയാണ്. സിനിമാ മേഖലയിലെ കൂടുതൽ പേരെക്കുറിച്ചുള്ള വിവരങ്ങളും സാദിഖിൽ നിന്ന് ലഭിച്ചതായാണ് സൂചന.
ഈ വർഷം ആദ്യം 450 ഗ്രാം രാസലഹരിയുമായി പിടിയിലായ തൊടുപുഴ സ്വദേശി കെവിൻ ബി. മാത്യുവിന്റെ അടുത്ത സഹപ്രവർത്തകനായിരുന്നു സാദിഖെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെട്ട എട്ടംഗ സംഘത്തിന് ലഹരിമരുന്ന് എത്തിച്ചത് കെവിനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അന്ന് കെവിനിൽ നിന്ന് 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി ഗുളികകൾ, കൂടാതെ ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.
കെവിൻ അറസ്റ്റിലായതിന് ശേഷം ലഹരി വിതരണ ശൃംഖലയുടെ ചുമതല സാദിഖ് ഏറ്റെടുത്തതായാണ് അന്വേഷണ വിവരം. കേരളത്തിന് പുറത്തുനിന്ന് എത്തിച്ചിരുന്ന ലഹരിമരുന്ന് കുമരകത്തെ താൽക്കാലിക കേന്ദ്രത്തിൽ ചെറിയ പായ്ക്കറ്റുകളാക്കി കൊച്ചി നഗരത്തിലേക്ക് വിതരണം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അതിവേഗ യാത്ര നടത്തിയും, ക്യുആർ കോഡ് വഴി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുമാണ് സാദിഖ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. വിശാലിന്റെ അറസ്റ്റിന് പിന്നാലെ സിനിമാ മേഖലയുൾപ്പെടെ ലഹരി ശൃംഖലയുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.










